ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി കേരളത്തിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് ശക്തമായ മഴ എന്ന മുന്നറിയിപ്പിൽ അർഥമാക്കുന്നത്.

മന്നാർ കടലിടുക്കിനും തെക്കൻ തമിഴ്നാട് തീരപ്രദേശങ്ങൾക്കും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിലാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ഇതിൽനിന്ന് വടക്കൻ തമിഴ്നാടും വടക്കൻ കേരളവും വഴി മധ്യകിഴക്കൻ അറബിക്കടൽ വരെ 0.9 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നതെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

Related Posts