യുക്രെയ്നിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയായ കുസും ഫാർമയുടെ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. സുമിയിൽ പ്രവർത്തിക്കുന്ന പ്ലാന്റാണ് ആക്രമണത്തിൽ തകർന്നത്. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിൽ പ്ലാന്റിന് വലിയ തോതിൽ നാശനഷ്ടമുണ്ടായതായും ഏകദേശം 400 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യക്കാരനായ രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും ഫാർമ 2009 മുതൽ യുക്രെയ്നിൽ പ്രവർത്തിച്ചുവരികയാണ്. അമ്പതിലധികം ജനറിക് മരുന്നുകൾ നിർമിക്കുന്ന കമ്പനിക്ക് യുക്രെയ്ന് പുറമെ ഉസ്ബക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും പ്രവർത്തനങ്ങളുണ്ട്. ആക്രമണത്തെത്തുടർന്ന് കമ്പനിയുടെ ഉൽപ്പാദന പ്രവർത്തനങ്ങളെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.