ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മോശമായി. ഛർദിയെ തുടർന്നുള്ള ശ്വാസ തടസ്സമാണ് മാർപാപ്പയുടെ ആരോഗ്യനില മോശമാകാൻ കാരണമായതെന്ന് വത്തിക്കാൻ അറിയിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ഫ്രാൻസിസ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് വെള്ളിയാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടു.
മെക്കാനിക്കൽ വെൻ്റിലേഷനിലാണ് 88 കാരനായ മാർപാപ്പയുള്ളത്. അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നുണ്ടെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തു. മാർപാപ്പയുടെ ആരോഗ്യനിലയിൽ ജാഗ്രത പുലർത്തുന്നതായും അടുത്ത 24 മുതൽ 48 മണിക്കൂർ വരെ ആരോഗ്യനില കൂടുതൽ വഷളാകാതിരിക്കാനുള്ള നടപടികൾ ഡോക്ടർമാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.