ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 വിമാനത്തിൽ പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് വിമാനം അടിയന്തരമായി സൗദി അറേബ്യയിലെ തബൂക്കിൽ ഇറക്കി. പൈലറ്റിന് കുത്തേറ്റതായും സഹായത്തിനായി പൈലറ്റ് നിലവിളിക്കുന്നത് കേട്ടതായും വിമാനത്തിലെ യാത്രക്കാരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. പൈലറ്റുമാരിൽ ഒരാൾ മറ്റൊരാളെ ആക്രമിക്കുകയും വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഒമാൻ വംശജനായ സഹപൈലറ്റാണ് ആക്രമണം നടത്തിയതെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്രമിക്കപ്പെട്ട പൈലറ്റിനെ കീഴ്പ്പെടുത്താനും ബന്ധിച്ചിടാനും യാത്രക്കാർ സഹായിച്ചതായും വിവരമുണ്ട്. എന്നാൽ സംഭവത്തിൻ്റെ വിശദാംശങ്ങൾ അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പൈലറ്റുമാർ തമ്മിലുള്ള സംഘർഷത്തിനിടെ വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ യാത്രക്കാർ പരിഭ്രാന്തരായി. വിമാനം 14,125 അടിയിലേക്ക് കുത്തനെ താഴ്ന്നതായും റിപ്പോർട്ടുകളുണ്ട്. വിമാനത്തിൻ്റെ മുൻവശത്തുനിന്ന് യാത്രക്കാരുടെ നിലവിളി കേട്ടതായും സൗദിയിൽ ഇറങ്ങുന്നതിന് മുമ്പ് വിമാനം പെട്ടെന്ന് താഴേക്ക് പോയതായും യാത്രക്കാർ പറഞ്ഞു.

27 കുട്ടികളടക്കം 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ ഭൂരിഭാഗവും ഇസ്രായേൽ പൗരന്മാരായിരുന്നു. ദുബായിൽ നിന്ന് പുറപ്പെട്ട് ഏകദേശം രണ്ടര മണിക്കൂറിന് ശേഷമാണ് സംഭവം നടന്നതെന്നാണ് ഫ്ലൈറ്റ് റഡാർ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വിമാനം സൗദി അറേബ്യയിലെ സിവിലിയൻ-സൈനിക താവളമായ തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ആദ്യം വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാണെന്ന ആശങ്ക ഉയർന്നിരുന്നു. പിന്നീട് പൈലറ്റുമാർ തമ്മിലുള്ള സംഘർഷമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സംഭവം സംബന്ധിച്ച് ഔദ്യോഗിക അന്വേഷണം തുടരുകയാണ്.

Related Posts