സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടക്കുന്ന അന്വേഷണത്തിൽ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കേസിൽ അന്വേഷണം ഏകപക്ഷീയമാണെന്നും ചിലരെ മനഃപൂർവം ഒഴിവാക്കിയെന്നുമാണ് അൻസിബയുടെ ആരോപണം.
അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മജിസ്ട്രേറ്റ് കോടതി നിർദേശപ്രകാരമാണ് പാലാരിവട്ടം പൊലീസ് നടി ലക്ഷ്മിപ്രിയക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ലക്ഷ്മിപ്രിയ, യുട്യൂബ് ചാനൽ ഉടമ, നടി ശ്വേത മേനോൻ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നാണ് അൻസിബയുടെ പരാതി.
എന്നാൽ കേസിൽ ലക്ഷ്മിപ്രിയക്കെതിരെ മാത്രമാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും മറ്റ് ആരോപണവിധേയരെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയെന്നും അൻസിബ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്നാണ് കോടതിയോടുള്ള ആവശ്യം.