സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് രണ്ട് പുതിയ പദ്ധതികൾക്ക് തുടക്കമാകും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളും പുതിയ സോഫ്റ്റ്‌വെയറും വെയിറ്റിങ് ലിസ്റ്റ് സംവിധാനവും ഇന്ന് ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതോടെ ബജറ്റ് ടൂറിസം പാക്കേജുകൾ ഓൺലൈനായി ബുക്ക് ചെയ്യാനാകും. റെയിൽവേ മാതൃകയിൽ കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിങ് ലിസ്റ്റ് സംവിധാനം ഏർപ്പെടുത്തും.

ലക്ഷദ്വീപിലേക്കുള്ള ആദ്യ യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും ചടങ്ങിൽ പുരസ്കാരം നൽകും.

അതേസമയം, പ്രിയദർശിനി പദ്ധതിയുടെ നൂറാംദിനത്തിൽ കെഎസ്ആർടിസി ഡിപ്പോകളിൽ സൗജന്യ സാരി വിതരണം ചെയ്യുമെന്ന പ്രചാരണം തെറ്റാണെന്ന് കെഎസ്ആർടിസി ചെയർമാൻ പി.എസ്. പ്രമോജ് ശങ്കർ അറിയിച്ചു. ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 15നാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചത്.

Related Posts