പ്രശസ്ത ഹൃദ്രോഗ ചികിത്സാ വിദഗ്ധനും തിരുവനന്തപുരം കിംസ് ആശുപത്രി വൈസ് ചെയർമാനുമായ പ്രഫ. ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ അന്ത്യം. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഡോ. വിജയരാഘവൻ, ഇന്ത്യയിലെ ഹൃദ്രോഗ ചികിത്സാ രംഗത്ത് നിർണായക സംഭാവനകൾ നൽകിയ ഡോക്ടർമാരിൽ ഒരാളായിരുന്നു. 1970കളുടെ അവസാനത്തിൽ രാജ്യത്ത് ആദ്യമായി എക്കോകാർഡിയോഗ്രാഫി മെഷീൻ അവതരിപ്പിച്ച് ഹൃദ്രോഗ നിർണയത്തിന് ഉപയോഗിച്ചവരിൽ പ്രമുഖനായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം മേധാവിയായും പ്രഫസറായും ദീർഘകാലം സേവനമനുഷ്ഠിച്ചു. സ്വകാര്യ മേഖലയിലും ആധുനിക ഹൃദ്രോഗ ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ, അന്തർദേശീയ മെഡിക്കൽ സംഘടനകളുടെ നിരവധി പുരസ്കാരങ്ങളും ഫെലോഷിപ്പുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1942 സെപ്റ്റംബർ 18ന് കൊല്ലം പെരുമ്പുഴയിൽ ജനിച്ച വിജയരാഘവൻ തിരുവനന്തപുരം മോഡൽ സ്കൂളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1964ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മെഡിക്കൽ ബിരുദം നേടി. 1969ൽ ജനറൽ മെഡിസിനിൽ എംഡിയും തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നിന്ന് 1973ൽ കാർഡിയോളജിയിൽ സ്പെഷലൈസേഷനും നേടി.
ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ തിരുവനന്തപുരം കിംസ്ഹെൽത്തിലെ ഓസ്ലർ ഹാളിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ കുമാരപുരത്തെ സ്വവസതിയായ ഗോവിന്ദത്തിലും പൊതുദർശനമുണ്ടാകും. വൈകിട്ട് അഞ്ചിന് സംസ്ഥാന ബഹുമതികളോടെ ശാന്തികവാടത്തിൽ സംസ്കാരം നടക്കും.
ഭാര്യ: നളിനി വിജയരാഘവൻ.
മക്കൾ: ഡോ.വിഷ്ണു വിജയരാഘവൻ (സിഡ്നി, ഓസ്ട്രേലിയ), കൃഷ്ണൻ വിജയരാഘവൻ (ബംഗളൂരു).
മരുമകൾ: മീര കൃഷ്ണൻ.