എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷയിൽ ഈ മാസം 22ന് വിധി പറയാൻ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തീരുമാനിച്ചു. അപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.

കോടതിയിൽ മാധ്യമപ്രവർത്തകരുടെ പ്രവേശനം നിയന്ത്രിക്കണമെന്നും പ്രതികളുടെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് തടയണമെന്നുമാണ് പ്രതികളുടെ പ്രധാന ആവശ്യം. എന്നാൽ, കേസ് പൊതുപ്രാധാന്യമുള്ളതാണെന്നും കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ അവകാശം തടയാനാകില്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് വാദിച്ചു.

പ്രതികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കോടതിയിൽ പ്രതികളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമമുണ്ടാകുമെന്നതും മഹാരാജാസ് കോളജ് സമീപത്തായതിനാൽ വിദ്യാർഥികൾ കൂട്ടമായി എത്താനിടയുണ്ടെന്നുമുള്ള ആശങ്കകൾ പ്രതികൾ ഉന്നയിച്ചിരുന്നു. എന്നാൽ, ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ നേരിടാൻ പൊലീസ് സജ്ജമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാൽ രഹസ്യ വിചാരണയ്ക്കുള്ള അപേക്ഷ തള്ളണമെന്നും ആവശ്യപ്പെട്ടു.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഡിസംബർ ആറിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

Related Posts