വീടിന് സമീപത്തെ പാടത്തെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ. കൃഷ്ണൻ്റെയും ആതിരയുടെയും മകൻ അഷർ ക്രിസ് ആണ് മരിച്ചത്.
ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം. മുത്തച്ഛനൊപ്പം വീടിന് സമീപത്തെ പാടത്തിൻ്റെ അരികിൽ നിൽക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത്. കുട്ടി വെള്ളത്തിൽ വീണത് മുത്തച്ഛൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ഏകദേശം ഒരു മണിക്കൂറിന് ശേഷം 11.30ഓടെയാണ് വെള്ളത്തിൽ കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.