തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ ആറിനാണ് വോട്ടെടുപ്പ്. ഒക്ടോബർ ഒമ്പതിന് വോട്ടെണ്ണൽ നടക്കും.
സെപ്റ്റംബർ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. സെപ്റ്റംബർ ഒമ്പത് മുതൽ 16 വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. സെപ്റ്റംബർ 17ന് സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 19 ആണ്.
തമിഴ്നാട്ടിലെ മരുതാന്തകം, ധാരപുരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. എഐഎഡിഎംകെ നേതാക്കളായ കുമാരവേലും പി. സത്യഭാമയും അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഒഴിവുണ്ടായത്.
പുതുച്ചേരിയിലെ തട്ടഞ്ചാവടി മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ്. തട്ടഞ്ചാവടിയിലും മംഗലത്തും മത്സരിച്ച് വിജയിച്ച എൻ. രംഗസ്വാമി തട്ടഞ്ചാവടി സീറ്റ് രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പശ്ചിമ ബംഗാളിൽ നന്ദിഗ്രാമിലും റോയ്ഗഞ്ചിലുമാണ് ഉപതെരഞ്ഞെടുപ്പ്. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച സുവേന്ദു അധികാരി നന്ദിഗ്രാം സീറ്റ് രാജിവെച്ചതോടെയാണ് ഇവിടെ ഒഴിവുണ്ടായത്. ഹുമയൂൺ കബീർ രാജിവെച്ചതിനെ തുടർന്നാണ് റോയ്ഗഞ്ചിൽ ഉപതെരഞ്ഞെടുപ്പ്.
അസമിലെ നഗോൺ ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും. പ്രദ്യുത് ബോർഡോലോയ് രാജിവെച്ചതിനെ തുടർന്നാണ് നഗോണിൽ സീറ്റ് ഒഴിവുവന്നത്.