ചെന്നൈക്കടുത്ത് അഡയാറിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് പൊലീസിൻ്റെ ബി കാറ്റഗറി ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ട കണ്ണനാണ് കൊല്ലപ്പെട്ടത്.

നേരത്തെ എഐഎഡിഎംകെയിൽ പ്രവർത്തിച്ചിരുന്ന കണ്ണൻ പിന്നീട് ടിവികെയിൽ സജീവമായിരുന്നു. 2009ൽ കൊല്ലപ്പെട്ട ശിവയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരമാണ് ഇപ്പോഴത്തെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ശിവയുടെ മരുമകൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി കണ്ണനെ ആക്രമിച്ചതെന്നാണ് വിവരം.

കൊലപാതകത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇതിനിടെ കണ്ണനെ ആക്രമിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ സംസാരിക്കാനിരിക്കെയാണ് കൊലപാതകം നടന്നത്.

സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും സ്വന്തം ജീവൻ സംരക്ഷിക്കാൻ ടിവികെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും രക്ഷയില്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെയെ കുറ്റപ്പെടുത്തുന്നതിന് പകരം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ടിവികെ സർക്കാർ നടപടിയെടുക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടു.

Related Posts