ദോശ നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കം തട്ടുകടയിലെ സംഘർഷത്തിൽ കലാശിച്ചു. കട നടത്തിപ്പുകാരായ ദമ്പതികളെ ഉപദ്രവിക്കുകയും ചില്ല് അലമാര ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടുപേരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെത്തിയ പോലീസുകാരുമായും സംഘം വാക്കേറ്റത്തിലേർപ്പെട്ടതായാണ് വിവരം.

ചൊവ്വാഴ്ച രാവിലെ 8.30ഓടെ ശൂരനാട് കോയിക്കൽ ചന്തയിലെ തട്ടുകടയിലാണ് സംഭവം. പന്തൽ തൊഴിലാളികളായ മൂന്നംഗ സംഘം മനാഫും ഭാര്യ സീനത്തും നടത്തുന്ന കടയിലെത്തി ദോശ ആവശ്യപ്പെട്ടു. കടയിൽ ആദ്യം എത്തിയവർക്ക് ഭക്ഷണം നൽകിയതിനെ സംഘം ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. ദോശ നൽകാൻ വൈകിയെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടാവുകയും പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെ സംഘം കടയിലെ ചില്ല് അലമാര അടിച്ചുതകർക്കുകയും മറ്റ് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തെന്നാണ് നടത്തിപ്പുകാരുടെ പരാതി.

സംഭവമറിഞ്ഞ് ശൂരനാട് പോലീസ് സ്ഥലത്തെത്തി. പോലീസുമായും സംഘം വാക്കേറ്റത്തിലേർപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരാൾ ഒളിവിലാണ്.
സംഘർഷത്തിനിടെ ചില്ല് തകർന്നതിനെ തുടർന്ന് അജിയുടെ കൈയ്ക്ക് പരിക്കേറ്റു. കൂടാതെ വീണ് തലയ്ക്കും പരിക്കേറ്റതായി പരാതിയുണ്ട്. പോലീസ് പിടിച്ചുതള്ളിയതിനെ തുടർന്നാണ് വീണതെന്നാണ് അജിയുടെ ആരോപണം.

ചികിത്സ തേടിയ ശേഷമാണ് അജിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം സ്ഥലത്തുനിന്ന് മടങ്ങിയ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പോലീസ് പിടികൂടിയത്.

Related Posts