ബെംഗളൂരുവിൽ ട്രെയിനിൽ മറന്നുവച്ച സ്വർണവും പണവും ഉൾപ്പെടുന്ന ബാഗ് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) സുരക്ഷിതമായി ഉടമയ്ക്ക് തിരിച്ചുനൽകി. തിരുവനന്തപുരം നോർത്ത്–മൈസൂരു എക്സ്പ്രസിൽ യാത്ര ചെയ്ത മലയാളിയായ സന്തോഷിനാണ് ബാഗ് തിരികെ ലഭിച്ചത്. കെ.ആർ. പുരം സ്റ്റേഷനിൽ ഇറങ്ങിയതിന് പിന്നാലെയാണ് ബാഗ് ട്രെയിനിൽ മറന്നുവച്ചതായി സന്തോഷ് തിരിച്ചറിഞ്ഞത്. ഉടൻ കെ.ആർ. പുരം ആർപിഎഫ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇതിനിടെ ട്രെയിൻ കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിലെത്തിയിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് ഹെഡ് കോൺസ്റ്റബിൾമാരായ ഗുണാഗിയും സി.ആർ. സുരേഷും ചേർന്ന് ട്രെയിനിലെ ബി3 കോച്ചിൽ പരിശോധന നടത്തി. പരിശോധനയിൽ സീറ്റിനടുത്ത് നിന്ന് ബാഗ് കണ്ടെത്തുകയായിരുന്നു.ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയതോടെ ആർപിഎഫ് ബാഗ് സന്തോഷിന് കൈമാറി. 189 ഗ്രാം സ്വർണം, ലാപ്ടോപ്പ്, 53,240 രൂപ എന്നിവയുൾപ്പെടെയുള്ള സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. ഇവയുടെ ആകെ മൂല്യം ഏകദേശം 29 ലക്ഷം രൂപയാണെന്ന് ആർപിഎഫ് അറിയിച്ചു.