തമിഴ് നടൻ കമൽഹാസൻ കന്നട ഭാഷയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വെള്ളിയാഴ്ചക്കകം മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിൻ്റെ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് (എഫ്.കെ.സി.സി) പ്രസിഡൻ്റ് എം. നരസിംഹലു. ബംഗളൂരുവിൽ വ്യാഴാഴ്‌ച ചേർന്ന യോഗത്തിന് ശേഷം യോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹവുമായി എഫ്.കെ.സി.സി ഓഫിസ് ഭാരവാഹികൾ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും നരസിംഹലു പറഞ്ഞു. ‘ കമലിൻ്റെ സിനിമക്ക് പല കന്നട ഗ്രൂപ്പുകളും നിരോധനം ആവശ്യപ്പെടുന്നുണ്ട്. അദ്ദേഹം മാപ്പു പറയണമെന്നാണ് ഞങ്ങളുടെയും ആവശ്യം. അദ്ദേഹം പറഞ്ഞത് തെറ്റായ കാര്യമാണ്. അദ്ദേഹവുമായി കാണാനും സംസാരിക്കാനും ഞങ്ങൾ ശ്രമം നടത്തുന്നുണ്ട്. അദ്ദേഹം വെള്ളിയാഴ്ചക്കകം മാപ്പുപറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിൻ്റെ സിനിമ പ്രദർശിപ്പിക്കേണ്ടെന്നാണ് തീരുമാനം” അദ്ദേഹം പറഞ്ഞു.
കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് എപ്പോൾ വിവാദമുണ്ടായാലും കന്നടിഗർ ഒന്നിച്ചു നിൽക്കണമെന്ന് നടി ജയമാല പറഞ്ഞു. കമൽഹാസൻ പറഞ്ഞത് അറിഞ്ഞോ അറിയാതെയോ ആണെങ്കിലും ആ പ്രസ്താവന തെറ്റാണ്. തമിഴിൽ കന്നട നിന്ന് ജനിച്ചതല്ല അവർ പറഞ്ഞു. തമിഴ് ഭാഷയാണ് കന്നട ഭാഷക്കുപോലും ജന്മം നൽകിയത് എന്ന കമൽഹാസൻ്റെ പ്രസ്‌താവനയാണ് വിവാദമായത്. സ്നേഹത്തോടെ പറഞ്ഞ വാക്കുകളിൽ ഖേദപ്രകടനമില്ലെന്നും തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും കമൽഹാസൻ പ്രതികരിച്ചിരുന്നു.