ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി.കാപ്പന് ഒരു വർഷം തടവും 5.30 കോടി രൂപ പിഴയും വിധിച്ച് മുംബൈ ബോറിവില്ലി കോടതി. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പ്രവാസി വ്യവസായി ദിനേശ് മേനോൻ്റെ പരാതിയുൾപ്പെടെ നാല് കേസുകളിലാണ് കോടതി മാണി സി. കാപ്പനെ കുറ്റക്കാരനായി കണ്ടെത്തിയത്.
വിധിപ്രകാരം ഒരു മാസത്തിനകം പിഴത്തുക അടയ്ക്കണം. തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ഒരു വർഷം മാത്രമാണ് ശിക്ഷ വിധിച്ചിരിക്കുന്നതിനാൽ നിലവിലെ നിയമപ്രകാരം എംഎൽഎ സ്ഥാനത്തിന് അയോഗ്യത വരില്ല. മാണി സി. കാപ്പൻ മന്ത്രിസ്ഥാനത്തേക്കടക്കം പരിഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ് കോടതി വിധി പുറത്തുവന്നത്.
2015 മുതൽ തുടരുന്ന നിയമനടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ വിധി. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു ദിനേശ് മേനോൻ്റെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം മജിസ്ട്രേറ്റ് കോടതിയിലടക്കം നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കേസ് ഹൈക്കോടതിയിലെത്തിയതോടെ തുടർനടപടികൾ മുന്നോട്ട് പോയില്ല. തുടർന്നാണ് ദിനേശ് മേനോൻ ബോറിവില്ലി കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോൾ വിധി വന്നത്.
അതേസമയം, വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മാണി സി. കാപ്പൻ പ്രതികരിച്ചു. തൻ്റെ ഭാഗം കേൾക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും കേസ് ഇന്ന് വാദത്തിനായി പരിഗണിക്കാനിരിക്കെയാണ് വിധിയുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. താൻ കോടതിയിൽ ഹാജരായിരുന്നില്ലെന്നും തൻ്റെ സാന്നിധ്യമില്ലാതെ എങ്ങനെയാണ് വിധി പറയാനാകുകയെന്നും മാണി സി. കാപ്പൻ ചോദിച്ചു.
കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും താൻ ആരിൽനിന്നും പണം വാങ്ങുകയോ ആർക്കെങ്കിലും പണം നൽകാനുണ്ടാകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ലഭിക്കാനിരിക്കുന്ന പദവി തടയുകയാണ് കേസിന് പിന്നിലെ ലക്ഷ്യമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.