ദശാബ്ദങ്ങളായി കേരളത്തിൽ ചർച്ചയായ സുകുമാരക്കുറുപ്പ് കേസിൽ വീണ്ടും അന്വേഷണം സംബന്ധിച്ച നീക്കം. സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിക്കുന്നുവെന്ന പ്രചാരണത്തിൻ്റെ സത്യാവസ്ഥ പരിശോധിക്കാൻ ഇന്റർപോളിന് കത്ത് നൽകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
ഇന്റർപോൾ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച് ഐജി മുഖേനയാണ് കത്ത് നൽകുക. ബ്യൂണസ് അയേഴ്സിൽ ‘ജോൺ മേനോൻ’ എന്ന പേരിൽ സുകുമാരക്കുറുപ്പ് കഴിയുന്നുവെന്ന തരത്തിലുള്ള പ്രചാരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി നടക്കുന്നത്. ഈ അവകാശവാദത്തിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കുകയാണ് ക്രൈംബ്രാഞ്ചിൻ്റെ ലക്ഷ്യം.
സുകുമാരക്കുറുപ്പ് രാജ്യം വിട്ടതായും വിദേശത്ത് പല പേരുകളിൽ താമസിക്കുന്നതായും വർഷങ്ങളായി പലതരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിന് സ്ഥിരീകരിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നില്ല. ചാക്കോ വധക്കേസുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഒളിവിലുള്ള പ്രതിയാണ് സുകുമാരക്കുറുപ്പ്. കേസിൽ നിർണായകമായ തെളിവുകളോ കുറുപ്പിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങളോ ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടായത്.
കേസ് അന്വേഷണത്തിൽ കാര്യമായ തുമ്പ് ലഭിക്കാത്ത സാഹചര്യത്തിൽ കേസ് ക്ലോസ് ചെയ്തതിന് പിന്നാലെയാണ് ‘കുറുപ്പ് വിദേശത്ത് ജീവിച്ചിരിക്കുന്നു’ എന്ന തരത്തിലുള്ള പുതിയ പ്രചാരണം ശക്തമായത്. ഇതോടെയാണ് പ്രചാരണത്തിൻ്റെ യാഥാർഥ്യം പരിശോധിക്കാൻ ഇന്റർപോളിന്റെ സഹായം തേടാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
‘ജോൺ മേനോൻ’ എന്ന പേരിലുള്ള വ്യക്തിയുടെ വിവരങ്ങളും സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട ലഭ്യമായ വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും പ്രചാരണത്തിന് പിന്നിലെ യാഥാർഥ്യം വ്യക്തമാകുക. ഇന്റർപോളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കേസിൽ പുതിയ വഴിത്തിരിവിന് കാരണമാകുമോയെന്നാണ് ഇനി ശ്രദ്ധേയം.