കൊച്ചി മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് സ്ഥിരം പരിഹാരം കാണാനെന്ന പേരില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വഖ്ഫ് ട്രൈബ്യൂണലിന് മുന്നിലും കോടതികള്‍ക്കും മുന്നിലുള്ള വിഷയങ്ങളില്‍ അന്വേഷണം നടത്താനും നടപടികള്‍ നിര്‍ദേശിക്കാനും ജുഡീഷ്യല്‍ കമ്മീഷന് കഴിയില്ല. തുടര്‍ന്ന് കമ്മീഷന്‍ രൂപീകരിച്ച സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി.

കമ്മീഷന്‍ രൂപീകരണം നിയമവിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കുകയാണെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്‌ പറഞ്ഞു. സര്‍ക്കാരിന് കമ്മീഷനെ നിയമിക്കാന്‍ അധികാരമുണ്ടെങ്കിലും ട്രൈബ്യൂണലും വഖ്ഫ് ബോര്‍ഡുമാണ് വിഷയം തീര്‍പ്പാക്കേണ്ടതെന്നും കമ്മീഷന് തര്‍ക്കത്തില്‍ ഇടപെടാന്‍ അധികാരം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വഖ്ഫ് ട്രൈബ്യൂണല്‍ തീരുമാനത്തെ കമ്മീഷൻ്റെ കാഴ്ച്ചപാടുകള്‍ സ്വാധീനിക്കരുത്. വഖ്ഫ് നിയമം കണക്കിലെടുക്കാതെയാണ് കമ്മീഷനെ നിയമിച്ചത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്നും കോടതി വിമര്‍ശിച്ചു.

Related Posts