തിരുവനന്തപുരം ചെങ്ങന്നൂരിലെ ഭാസ്കര കാരണവര്‍ കൊലക്കേസിലെ ഒന്നാം പ്രതി ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഇടപെട്ടത് മന്ത്രി ഗണേഷ് കുമാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല. ഷെറിനെ മോചിപ്പിക്കണമെന്ന ആവശ്യം മന്ത്രി സഭാ യോഗത്തില്‍ അവതരിപ്പിച്ചതും അനുകൂല തീരുമാനം ഉണ്ടായതിനും പിന്നില്‍ ഗണേഷ് കുമാറാണ്. ഗണേഷ് കുമാറിൻ്റെ സന്തത സഹചാരി പ്രദീപ് കോട്ടാത്തലയാണ് മുമ്പ് ഷെറിന് പരോള്‍ കിട്ടുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പുവയ്ക്കാന്‍ ഒപ്പം പോയിരുന്നത് എന്ന് ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.
താന്‍ ഈ പറയുന്നത് ശരിയല്ലെങ്കില്‍ ഗണേഷ് കുമാര്‍ കേസ് കൊടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം സ്വദേശിയാണ് ഭാസ്കര കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിന്. ജയിലില്‍ സഹതടവുകാരുമായി പലപ്രാവിശ്യം പ്രശ്നമുണ്ടാക്കിയ ഷെറിനെ വിവിധ ജയിലുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജയിലില്‍ കഴിയുമ്പോഴും നിരവധി തവണ പരോള്‍ കിട്ടിയിരുന്നു ഷെറിന്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെയാണ് ഇപ്പോള്‍ മോചിപ്പിക്കാന്‍ ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തതും മന്ത്രി സഭ അനുമതി നല്കിയതും. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിൻ്റെ ശിക്ഷ 14 വര്‍ഷം പൂര്‍ത്തിയായെന്നും കണക്കിലെടുത്താണ് ജയില്‍ മോചനം. ഷെറിന് മാനസാന്തരം വന്നുവെന്നും ജയില്‍ ഉപദേശക സമിതി അംഗം പറയുന്നു. എന്നാല്‍ 20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നവരുളളപ്പോഴാണ് ഷെറിനെ മോചിപ്പിക്കുന്നതെന്നും ജ്യോതികുമാര്‍ ചാമക്കാല ചൂണ്ടിക്കാണിച്ചു.