അമേരിക്കയിൽ സൈനിക ഹെലികോപ്ടറും യാത്രാവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 40 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചിലരുടെ മൃതദേഹാവശിഷ്ടങ്ങൾ തീരത്തടിഞ്ഞു. താത്ക്കാലികമായി തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. കാൻസാസിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഫിഗർ സ്കേറ്റിംഗ് താരങ്ങളാണ് മരിച്ചവരിൽ പതിനാല് പേർ. റഷ്യൻ ഐസ് സ്കേറ്റിംഗ് ദമ്പതികളായ വാഡിം നൗമോവും ഈവ്ജെനിയ ഷി ഷ്കോവയും അപകടത്തിൽ മരണപ്പെട്ടു.

ഹെലികോപ്ട‌റിൻ്റെയും വിമാനത്തിൻ്റെയും ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. അപകടത്തെത്തുടർന്ന് നിർത്തിവച്ച വിമാന സർവീസുകൾ ഇന്ന് പുനഃരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നാല് ജീവനക്കാരും 60 യാത്രക്കാരുമായി കാൻസാസിലെ വിചിറ്റയിൽ നിന്ന് റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിലേക്ക് വന്ന അമേരിക്കൻ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.

20 വർഷം പഴക്കമുള്ള ബൊംബാർഡിയർ സി.ആർ.ജെ -700 മോഡലാണ് വിമാനം. പരിശീലന പറക്കലിലായിരുന്ന യു എസ് ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടർ, വിമാന പാതയിലെത്തുകയായിരുന്നു. 3 സൈനികരാണ് കോപ്ട‌റിലുണ്ടായിരുന്നത്. കൂട്ടിയിടിച്ചതിനു പിന്നാലെ കോപ്ട‌റും വിമാനവും പൊട്ടിത്തെറിച്ച് പോട്ടോമാക് നദിയിൽ വീഴുകയായിരുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അപകടത്തിൽ 67 പേരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു.

Related Posts