പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുത്ത ആതുരാലയങ്ങൾക്ക് ഓണസമ്മാനമായി വീൽചെയറുകൾ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ. ഫൗണ്ടേഷൻ്റെ ‘ചലനം’ പദ്ധതിയുടെ ഭാഗമായാണ് വീൽചെയറുകൾ വിതരണം ചെയ്തത്.

തിരുവല്ല ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനിൽ നടന്ന ചടങ്ങിൽ വീൽചെയർ വിതരണത്തിൻ്റെ ഉദ്ഘാടനം മാർത്തോമാ സഭയുടെ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിച്ചു. ജില്ലയിലെ വിവിധ ആതുരാലയങ്ങളിൽ നിന്നെത്തിയ ഭാരവാഹികൾ വീൽചെയറുകൾ ഏറ്റുവാങ്ങി.

കഴിഞ്ഞ 16 വർഷമായി കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വിവിധ സാമൂഹിക സേവന പദ്ധതികളാണ് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ നടപ്പാക്കുന്നത്.

ഹൃദയസ്പർശം, വഴികാട്ടി, സുകൃതം, പൂർവികം, വിദ്യാമൃതം, ഹൃദ്യം, കാഴ്ച തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ഫൗണ്ടേഷൻ നടത്തുന്ന സേവനപ്രവർത്തനങ്ങളെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിലും, ഫൗണ്ടേഷൻ്റെ ഒരു പരിപാടിയിൽ നേരിട്ട് പങ്കെടുക്കുന്നത് ആദ്യമായാണെന്ന് തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ പറഞ്ഞു.

നിർധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുന്ന മാനവികതയിലും മനുഷ്യസ്നേഹത്തിലും അധിഷ്ഠിതമായ കൂടുതൽ സേവനപ്രവർത്തനങ്ങൾ മമ്മൂട്ടിയുടെയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെയും ഭാഗത്തുനിന്ന് തുടർന്നും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങിൽ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മാരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ നടപ്പാക്കുന്ന വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.

ഓർഫനേജ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് ഫാ. റോയ് വടക്കേൽ അനുഗ്രഹസന്ദേശം നൽകി. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എം. ആർ. രാജേഷ്, ഓർഫനേജ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോസഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി എബി ജേക്കബ് എന്നിവരും സംസാരിച്ചു.

ഓണാഘോഷത്തിൻ്റെ ഭാഗമായി ദുരിതമനുഭവിക്കുന്നവർക്കും പരിചരണം ആവശ്യമുള്ളവർക്കും കരുതലിൻ്റെ കൈത്താങ്ങായി മാറുകയാണ് ‘ചലനം’ പദ്ധതിയിലൂടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ.

Related Posts