ശബരിമലയിൽ വസ്ത്രങ്ങൾ ഊരി പമ്പാ നദിയിൽ ഉപേക്ഷിക്കുന്നത് ആചാരത്തിൻ്റെ ഭാഗമല്ലെന്നും ഇത്തരം പ്രവൃത്തികൾ ദുരാചാരമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ. വാഹനങ്ങൾക്ക് മുന്നിൽ കർപ്പൂരം കത്തിക്കുക, പ്ലാസ്റ്റിക് കവറുകളിൽ ഷാംപൂ ഉൾപ്പെടെയുള്ളവ കൊണ്ടുവരിക തുടങ്ങിയ പ്രവൃത്തികളും തീർഥാടകർ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയുടെ പവിത്രതയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് ഓരോ തീർഥാടകൻ്റെയും ഉത്തരവാദിത്വമാണെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കെ. ജയകുമാർ പറഞ്ഞു.
തീർഥാടകരുടെ പരാതികൾ മണ്ഡലകാലം അവസാനിക്കുന്നതുവരെ നീട്ടിവയ്ക്കാതെ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള നടപടികളും ദേവസ്വം ബോർഡ് സ്വീകരിക്കും. ഇതിനായി പുതിയ ‘ടു-വേ കമ്മ്യൂണിക്കേഷൻ’ സംവിധാനം ഏർപ്പെടുത്തും.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് ശബരിമലയിലെ ആചാരങ്ങളും ക്ഷേത്ര മര്യാദകളും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകുന്നതിനായി ‘ശബരിമല സന്ദേശ്’ എന്ന പേരിൽ മാസികയും പ്രസിദ്ധീകരിക്കും. മലയാളം, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലായിരിക്കും മാസിക പുറത്തിറക്കുക.
മണ്ഡലകാലത്തിന് മുന്നോടിയായി നവംബർ 15ന് മുമ്പ് മാസിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ശബരിമലയിലെത്തുന്ന ഭൂരിഭാഗം തീർഥാടകരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാലാണ് വിവിധ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിന് പ്രാധാന്യം നൽകുന്നത്. ഓരോ ക്ഷേത്രത്തിനും വ്യത്യസ്തമായ ആചാരങ്ങളും മര്യാദകളുമുണ്ടെന്നും അവ തീർഥാടകരിലേക്ക് കൃത്യമായി എത്തിക്കുകയാണ് മാസികയുടെ പ്രധാന ലക്ഷ്യമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.