ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ മത്സരങ്ങളും വെല്ലുവിളികളും നേരിടാൻ കേരള ടൂറിസം രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകളും രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു.

ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ടൂറിസം പ്രൊഫഷണൽ ക്ലബ്ബ് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘സോമതീരം ഷൂട്ട് ദ റെയിൻ 2026’ മൺസൂൺ സോക്കർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വരും വർഷങ്ങളിൽ കേരള ടൂറിസം മേഖല വലിയ വികസന മാറ്റങ്ങൾക്കും നിക്ഷേപങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിൻ്റെ ഭാഗമായി എറണാകുളത്ത് രാജ്യാന്തര നിലവാരത്തിലുള്ള ഫിലിം സിറ്റി, മാരിടൈം മ്യൂസിയം, ഓഷ്യനേറിയം തുടങ്ങിയ വൻ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ടൂറിസം വികസനത്തിൽ സർക്കാരും സ്വകാര്യ പങ്കാളികളും ഒരേ ടീമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒരുകാലത്ത് കേരള ടൂറിസത്തിൻ്റെ ‘ഓഫ് സീസൺ’ ആയി കണക്കാക്കിയിരുന്ന മൺസൂൺ കാലം ഇന്ന് സംസ്ഥാനത്തെ ഏറ്റവും വിജയകരമായ ടൂറിസം സീസണുകളിലൊന്നായി മാറിയതായി മന്ത്രി പറഞ്ഞു.

പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ മൺസൂൺ കാലത്ത് വലിയ തോതിൽ കേരളത്തിലെത്തുന്നുണ്ട്. മാറിവരുന്ന ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കേരളം തയ്യാറാകണമെന്നും മന്ത്രി വ്യക്തമാക്കി.

ആഗോള ടൂറിസം രംഗത്തെ പുതിയ പ്രവണതകൾക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും മെച്ചപ്പെടുത്തി കേരളത്തെ കൂടുതൽ മത്സരക്ഷമമായ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Related Posts