എറണാകുളം മാഞ്ഞാലി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 16-കാരിയെ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ രക്ഷപ്പെടുത്തി. നെടുമ്പാശേരി സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് വെള്ളിയാഴ്ച ഉച്ചയോടെ പുഴയിലേക്ക് ചാടിയത്.
അടിയൊഴുക്ക് ശക്തമായിരുന്ന പ്രദേശമായതിനാൽ സമീപത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ മടിച്ചുനിന്നു. ഇതിനിടെ അങ്കമാലി–പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘എക്സിക്യൂട്ടീവ്’ ബസിൻ്റെ ഡ്രൈവറായ കുന്നുകര സ്വദേശി കെ.പി.അജേഷ് ബസ് നിർത്തി സാഹചര്യം മനസ്സിലാക്കിയ ഉടൻ പുഴയിലേക്ക് ചാടി വിദ്യാർത്ഥിനിയെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിച്ചു. നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെ തുടർന്ന് മാനസിക വിഷമത്തിലായിരുന്ന പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക വിവരം. നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.