തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്ന് തുറക്കും. തേനി ജില്ലയിലെ കമ്പം താഴ്വരയിലെ 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട നെൽകൃഷിക്കായാണ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത്.
സെക്കൻഡിൽ 200 ഘനയടി (ക്യുസെക്സ്) വീതം 120 ദിവസത്തേക്കാണ് ജലം തുറന്നുവിടുക. ഇതിന് പുറമെ മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ള ആവശ്യത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളം കൂടി തുറന്നുവിടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.തേക്കടിയിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമായിരിക്കും ഷട്ടർ ഉയർത്തുക. സാധാരണയായി കാർഷിക ആവശ്യങ്ങൾക്കായി ജൂൺ ഒന്നിനാണ് മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം തുറന്നുവിടാറുള്ളത്. എന്നാൽ ഇത്തവണ മഴയുടെ കുറവ് മൂലമാണ് ജലവിതരണം വൈകിയത്.
കമ്പം താഴ്വരയിലെ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് ജലവിതരണത്തെ കാണുന്നത്. നെൽകൃഷിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതോടെ കാർഷിക മേഖലയിൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.