കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അമരക്കാരൻ വിട വാങ്ങി. മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ജൂൺ 23 മുതൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വി.എസ് ഉച്ചക ഴിഞ്ഞ് 3.20-നാണ് വിടവാങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എം.വി.ജയരാജനും ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളും ആശുപത്രിയിലേക്ക് എത്തി.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി പൊതുവേദികളിൽ നിന്നും വി.എസ് മാറി നിൽക്കുകയായിരുന്നു വി എസ്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20 ന് ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.