കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഗുണ്ടാ നേതാവ് അർജുൻ ആയങ്കി വീണ്ടും സമൂഹമാധ്യമത്തിലൂടെ പോലീസിനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും വെല്ലുവിളിച്ച് രംഗത്തെത്തി.

“വിരട്ടരുത്… വളർന്ന പാർട്ടി വേറെയാണ്” എന്ന വാചകത്തോടെയാണ് അർജുൻ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പങ്കുവെച്ചത്. തന്നെതിരായ കേസ് പുനരന്വേഷിക്കാൻ ഉത്തരവിടാനും, നിരപരാധിയാണെന്ന് തെളിഞ്ഞാൽ കള്ളക്കേസ് ചുമത്തിയെന്ന് ആരോപിക്കുന്ന കോതമംഗലം സി.ഐക്കെതിരെ നടപടിയെടുക്കാനും ആഭ്യന്തര മന്ത്രിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് പോസ്റ്റിലുള്ളത്.
പോലീസിന് ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെയെന്ന അർജുൻ്റെ വെല്ലുവിളിക്ക് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി ശക്തമായ മറുപടി നൽകിയിരുന്നു. പോലീസിനെ വെല്ലുവിളിക്കുന്നവർക്കെതിരെ നിയമനടപടികൾ കർശനമായി സ്വീകരിക്കുമെന്നും ഗുണ്ടാ-ക്രിമിനൽ സംഘങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി തുടരുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇതിന് പിന്നാലെയാണ് അർജുൻ വീണ്ടും ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. നേരത്തെ കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ കീഴടങ്ങില്ലെന്നും, പിടികൂടാൻ കഴിയുമെങ്കിൽ പോലീസ് പിടികൂടട്ടെയെന്നും അർജുൻ പരസ്യമായി വെല്ലുവിളിച്ചിരുന്നു.

അതിനിടെ, കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related Posts