കേരള–കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെ നിർമിക്കുന്ന ബൈരക്കുപ്പ അന്തർസംസ്ഥാന പാലത്തിന് കർണാടക സർക്കാർ അനുമതി (എൻഒസി) നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ബെംഗളൂരുവിൽ നടത്തിയ ചർച്ചയെ തുടർന്നാണ് അനുമതി ലഭിച്ചത്. പുതിയ പാലം നിലവിൽ വരുന്നതോടെ ബെംഗളൂരുവിനും സുൽത്താൻ ബത്തേരിക്കുമിടയിലെ യാത്രാദൂരം ഏകദേശം 40 കിലോമീറ്റർ കുറയുകയും, യാത്രാസമയം ഗണ്യമായി ലാഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ വർഷങ്ങളായുള്ള യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 36 വർഷം മുമ്പ് തറക്കല്ലിട്ട ഈ പദ്ധതിക്ക് 2002-ൽ കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിരുന്നെങ്കിലും നിർമാണം മുന്നോട്ട് പോകാനായിരുന്നില്ല.
കേരള ഭാഗത്തെ അപ്രോച്ച് റോഡിൻ്റെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. എന്നാൽ കർണാടക ഭാഗത്തെ ഭൂമി ഏറ്റെടുക്കലും പരിസ്ഥിതി അനുമതികളും വൈകിയതാണ് പദ്ധതി മുടങ്ങാൻ കാരണമായത്. ഈ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.കെ. ബഷീർ നേരത്തെ കർണാടക സർക്കാരിന് കത്ത് നൽകിയിരുന്നു.
പാലം പൂർത്തിയായാൽ പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനാകും. കൂടാതെ ബന്ദിപ്പൂർ വനമേഖലയിലെ രാത്രിയാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കി ബദൽ പാതയിലൂടെ യാത്ര ചെയ്യാനും സൗകര്യമൊരുങ്ങും.