അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഫിഫ റാങ്കിംഗിൽ മുന്നിലുള്ള പനാമയെ 1–1ന് സമനിലയിൽ തളച്ച ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ മത്സരത്തിന് പിന്നാലെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെയും ലോജിസ്റ്റിക്സ് സൗകര്യങ്ങളെയും കുറിച്ച് പനാമ മുഖ്യപരിശീലകൻ തോമസ് ക്രിസ്റ്റ്യൻസൻ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്.

ഹോട്ടലിൽ നിന്ന് മൂന്ന്–നാല് കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റേഡിയത്തിലേക്ക് എത്താൻ ടീമിന് ഏകദേശം രണ്ട് മണിക്കൂർ ബസിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങേണ്ടിവന്നതായി ക്രിസ്റ്റ്യൻസൻ പറഞ്ഞു. യാത്രയും മറ്റ് സൗകര്യങ്ങളും ബുദ്ധിമുട്ടേറിയതായിരുന്നെന്നും ഇത് താരങ്ങളുടെ ഊർജത്തെയും മത്സരത്തിനുള്ള തയ്യാറെടുപ്പിനെയും ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് മത്സരഫലത്തിനുള്ള ന്യായീകരണമല്ലെന്നും എന്നാൽ താരങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കളിക്കളത്തിന് പുറത്തുള്ള കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണമെന്നും ക്രിസ്റ്റ്യൻസൻ പറഞ്ഞു.

മത്സരത്തിൽ 41-ാം മിനിറ്റിലാണ് ഇന്ത്യ ആദ്യം ഗോൾ നേടിയത്. ആകാശ് മിശ്ര നൽകിയ പാസ് റയാൻ വില്യംസ് വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ ഒമർ ജാവിയർ വലൻസിയയിലൂടെ പനാമ തിരിച്ചടിച്ചതോടെയാണ് മത്സരം 1–1ന് അവസാനിച്ചത്.

ഫിഫ റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള പനാമയെ 138-ാം സ്ഥാനത്തുള്ള ഇന്ത്യ സമനിലയിൽ തളച്ചത് ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്നതാണ്. ഒക്ടോബർ മൂന്നിന് ബ്രസീലിനെയും ഒക്ടോബർ ആറിന് യുറുഗ്വായെയും ഇന്ത്യ നേരിടും. ഇരു മത്സരങ്ങളും കൊൽക്കത്തയിലാണ്.

Related Posts