കർണാടകയിലെ സർക്കാർ ബസുകളിൽ നവംബർ 5 മുതൽ യാത്രാനിരക്ക് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ഭൈരതി സുരേഷ് അറിയിച്ചു. നാല് സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷനുകളുടെയും സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് നിരക്ക് വർധനയ്ക്കുള്ള തീരുമാനം.

ചിക്കബെല്ലാപുരയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്രസർക്കാർ അഞ്ച് തവണ ഡീസൽ വില വർധിപ്പിച്ചതോടെ നാല് ഗതാഗത കോർപ്പറേഷനുകൾക്കും പ്രതിവർഷം 2,000 കോടി രൂപയുടെ അധിക നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. നേരത്തെ തന്നെ 9,000 കോടി രൂപയുടെ സഞ്ചിത നഷ്ടം കോർപ്പറേഷനുകൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരക്ക് വർധനയുടെ തോത് തീരുമാനിക്കുന്നതിനായി നവംബർ 4-ന് നാല് ഗതാഗത കോർപ്പറേഷനുകളിലെയും ഉദ്യോഗസ്ഥരുമായി ഗതാഗത വകുപ്പ് യോഗം ചേരും. ഇതിന് പിന്നാലെ പുതുക്കിയ നിരക്കുകൾ നവംബർ 5 മുതൽ പ്രാബല്യത്തിൽ വരും.

നേരത്തെ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ തിവാരിയുടെ നേതൃത്വത്തിലുള്ള പൊതുഗതാഗത നിരക്ക് നിയന്ത്രണ സമിതി കെ.എസ്.ആർ.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നിവയ്ക്ക് 25 ശതമാനവും ബി.എം.ടി.സി.ക്ക് 40 ശതമാനവും നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.

2025 ജനുവരി 5-നാണ് സംസ്ഥാനത്തെ സർക്കാർ ബസുകളിൽ അവസാനമായി 15 ശതമാനം നിരക്ക് വർധന നടപ്പാക്കിയത്.

ജീവനക്കാരുടെ ശമ്പള വർധന, ഡീസൽ വിലക്കയറ്റം, അറ്റകുറ്റപ്പണികൾ, ബസ് വാങ്ങൽ തുടങ്ങിയ ചെലവുകൾ കോർപ്പറേഷനുകളുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു. 2026 ജൂലൈ ഒന്നു മുതൽ അനുവദിച്ച 12.5 ശതമാനം ശമ്പള വർധനവിലൂടെ മാത്രം പ്രതിവർഷം 873.64 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായി. ഡീസൽ വില ലിറ്ററിന് 7.81 രൂപ വർധിച്ചതോടെ വാർഷിക ഇന്ധനച്ചെലവിൽ 395 കോടി രൂപയും കൂടി.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയുടെ തുക പൂർണമായി ലഭിക്കാത്തതും കോർപ്പറേഷനുകൾക്ക് സാമ്പത്തിക സമ്മർദമുണ്ടാക്കുന്നുണ്ട്. 2023 ജൂൺ മുതൽ 2026 ജൂലൈ വരെ പദ്ധതിക്കായി ചെലവഴിച്ച 20,956 കോടി രൂപയിൽ 15,305 കോടി മാത്രമാണ് സർക്കാർ തിരികെ അനുവദിച്ചത്. 5,651 കോടി രൂപയുടെ കുടിശ്ശിക ഇപ്പോഴും നിലനിൽക്കുന്നു.

Related Posts