തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സുപ്രീംകോടതി താൽക്കാലികമായി മരവിപ്പിച്ചു. അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

2023-ലാണ് പൂവച്ചൽ സ്വദേശിയായ 15-കാരൻ ആദിശേഖർ കാറിടിച്ച് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിൻ്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കേസിൽ പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ച വിചാരണക്കോടതി, പിഴത്തുക ആദിശേഖറിൻ്റെ മാതാപിതാക്കൾക്ക് നൽകാനും ഉത്തരവിട്ടിരുന്നു.

പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികൾ, 43 രേഖകൾ, 11 തൊണ്ടിമുതലുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷാവിധി. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും, ആദിശേഖറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയും കേസിലെ നിർണായക തെളിവുകളായി മാറി.

എന്നാൽ അപ്പീൽ പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ജീവപര്യന്തം ശിക്ഷ താൽക്കാലികമായി മരവിപ്പിക്കുകയും, പ്രതി പ്രിയരഞ്ജന് ജാമ്യം അനുവദിക്കുകയും ചെയ്തു.

Related Posts