ബെംഗളൂരുവിൽ ആഗസ്റ്റ് 16-ന് അരങ്ങേറുന്ന സുരഭിലം ഗ്ലോബൽ സർഗസംഗമം 2026-ൻ്റെ പ്രോഗ്രാം ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു. ബെംഗളൂരു കേരള സമാജം പ്രസിഡണ്ട് എം.ഹനീഫയും സുരഭിലം ഗ്ലോബൽ ചെയർമാൻ വിഷ്ണുമംഗലം കുമാറും ചേർന്ന് പ്രകാശനം നിർവഹിച്ചു.

പി. കെ .സുധീഷ്, മുരളീധരൻ, അനിൽകുമാർ, എസ്. കെ.നായർ, ഡോ.സുഷമ ശങ്കർ, ശ്രീദേവി ഗോപാൽ, റെബിൻ രവീന്ദ്രൻ, അർച്ചന സുനിൽ തുടങ്ങിയ കേരള സമാജം, സുരഭിലം ഗ്ലോബൽ പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും പ്രകാശനത്തിൽ പങ്കെടുത്തു.

2026 ആഗസ്റ്റ് 16-ന് ഇന്ദിരാനഗർ കൈരളി നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ, ബെംഗളൂരു കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സുരഭിലം ഗ്ലോബൽ സർഗസംഗമത്തിൽ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക വ്യക്തിത്വങ്ങളായ ആലങ്കോട് ലീലാകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, സുരേഷ് മണ്ണാറശാല, അനാമിക ഹരിപ്പാട്, അനുരാധ നാലപ്പാട്ട് എന്നിവർ പങ്കെടുക്കും.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന 135 പ്രവാസി മലയാളി എഴുത്തുകാരുടെ രചനകൾ ഉൾക്കൊള്ളുന്ന ‘സുരഭിലം 2026’ സാഹിത്യസമാഹാരം സർഗസംഗമത്തിൽ പ്രകാശിതമാകും.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 200-ലേറെ പ്രവാസി മലയാളി എഴുത്തുകാരുടെ വ്യക്തിവിവരങ്ങളും അവരുടെ രചനകളുടെ വിശദാംശങ്ങളും ഉൾക്കൊള്ളുന്ന www.surabhilamglobal.com എന്ന വെബ്‌സൈറ്റിൻ്റെ പ്രകാശനവും ചടങ്ങിൽ നടക്കും.

മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഗോവ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം ബെംഗളൂരുവിലെ സാംസ്‌കാരിക പ്രവർത്തകരും മലയാളി എഴുത്തുകാരും സർഗസംഗമത്തിൽ പങ്കെടുക്കും.

സാഹിത്യത്തിലൂടെ പ്രവാസി സൗഹൃദം സ്ഥാപിക്കുവാനുള്ള ഈ സർഗാത്മക ഇടപെൽ പ്രവാസി മലയാള സാഹിത്യ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുന്ന വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
എവർക്കും സ്വാഗതം.

Related Posts