നിയമസഭാ തിരഞ്ഞെടുപ്പിൽ വി. കുഞ്ഞികൃഷ്ണൻ നേടിയ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ ടി.എ. മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചു. വ്യാജ പ്രചാരണങ്ങളിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് തന്നെ പരാജയപ്പെടുത്തിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെളിവുകളോ രേഖകളോ ഇല്ലാതെ തന്നെ “രക്തസാക്ഷി ഫണ്ട് കള്ളൻ” എന്ന് ചിത്രീകരിച്ച് അപകീർത്തികരമായ പ്രചാരണം നടത്തിയെന്നും, ഇത് വോട്ടർമാരുടെ മനോഭാവത്തെ സ്വാധീനിച്ചുവെന്നുമാണ് ഹർജിയിൽ പറയുന്നത്.
ഹർജിയിൽ സാങ്കേതിക പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അത് തിരുത്തി വീണ്ടും സമർപ്പിക്കാൻ നിർദേശിച്ചു. അടുത്ത ആഴ്ച ഹർജി വീണ്ടും പരിഗണിക്കാനാണ് തീരുമാനം. ഇതിനിടെ വി.കുഞ്ഞികൃഷ്ണന് കോടതി നോട്ടീസും അയച്ചു.
പ്രചാരണത്തിനിടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തൻ്റെ വ്യക്തിചിത്രം കളങ്കപ്പെടുത്താൻ ബോധപൂർവം ശ്രമിച്ചെന്നും, അതിനാൽ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കി വിജയം റദ്ദാക്കണമെന്നും ടി.എ.മധുസൂദനൻ ഹർജിയിൽ ആവശ്യപ്പെടുന്നു.