വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത തടയാൻ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പ് നിർബന്ധമാക്കുന്നത് സർക്കാർ പരിഗണനയിൽ. പെറ്റ് ഷോപ്പുകളിൽ നിന്ന് വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങൾക്കും വീടുകളിൽ വളർത്തുന്ന നായ്ക്കൾക്കും തിരിച്ചറിയൽ ചിപ്പ് ഘടിപ്പിക്കാനാണ് ആലോചന. കാണാതാകുന്ന വളർത്തുനായകളെ കണ്ടെത്താനും ഈ സംവിധാനം സഹായകരമാകുമെന്ന് അധികൃതർ വിലയിരുത്തുന്നു.

അരിമണിയുടെ വലിപ്പമുള്ള ആർഎഫ്ഐഡി ചിപ്പ് നായയുടെ ചർമ്മത്തിനടിയിലായിരിക്കും ഘടിപ്പിക്കുക. ചിപ്പിലുള്ള വിവരങ്ങൾ ഉപയോഗിച്ച് ഉടമയെ തിരിച്ചറിയാൻ കഴിയുന്നതിനാൽ വളർത്തുനായകളെ ഉപേക്ഷിക്കുന്നവർക്കെതിരെ നിയമനടപടി എളുപ്പമാകുമെന്നാണ് പ്രതീക്ഷ.

വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്ക് 10,000 രൂപ വരെ പിഴ ചുമത്തുന്നതിനായി പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ലൈസൻസിംഗ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനും സർക്കാർ ഒരുങ്ങുകയാണ്.

അതേസമയം, മനുഷ്യർക്കു ഭീഷണിയാകുന്ന തെരുവുനായകളെ കൊല്ലാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അനുമതി നൽകുന്ന സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഏത് സാഹചര്യത്തിൽ, എങ്ങനെ ഈ നടപടി സ്വീകരിക്കണമെന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.

സംസ്ഥാനത്ത് ഏകദേശം ഒൻപത് ലക്ഷം തെരുവുനായകൾ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 15.02 ലക്ഷം പേർക്ക് തെരുവുനായകളുടെ കടിയേറ്റതായും 122 പേർ പേവിഷബാധയെ തുടർന്ന് മരിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

Related Posts