2024 ജൂലൈ 30-ന് വയനാടിൻ്റെ മണ്ണിൽ പതിച്ച മഹാദുരന്തത്തിന് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. മുണ്ടക്കൈ–ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമകളിൽ നിന്ന് പൂർണമായി മുക്തരാകാനാകാതെ അതിജീവനത്തിൻ്റെ പാതയിലാണ് ദുരന്തബാധിതർ.

പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല മേഖലകളിലെ നിരവധി വീടുകളും ജീവിതങ്ങളും തകർന്നു. മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴയിലൂടെ കിലോമീറ്ററുകൾ അകലെ വരെ മൃതദേഹങ്ങൾ ഒഴുകിയെത്തിയിരുന്നു. പ്രിയപ്പെട്ടവരെ തേടി മേപ്പാടി ആശുപത്രിയിലും ദുരന്തബാധിത പ്രദേശങ്ങളിലും എത്തിയ ബന്ധുക്കളുടെ വേദനാജനകമായ കാഴ്ചകൾ കേരളത്തിൻ്റെ മനസിൽ ഇന്നും മായാതെ നിൽക്കുന്നു.

രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ദുരന്തത്തെ അതിജീവിച്ചവർ പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ 178 കുടുംബങ്ങൾ സുരക്ഷിത താമസം ആരംഭിച്ചെങ്കിലും, നിരവധി കുടുംബങ്ങൾ ഇപ്പോഴും സ്ഥിരമായ പുനരധിവാസത്തിനായി കാത്തിരിക്കുകയാണ്.

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വീടും സുരക്ഷിതമായ ജീവിതവും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നു. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ജനതയ്ക്ക് ഇത് നഷ്ടങ്ങളുടെ ഓർമകൾക്കൊപ്പം പ്രതീക്ഷയുടെയും പുനർനിർമാണത്തിൻ്റെയും കാലമാണ്.

ദുരന്തത്തിൻ്റെ രണ്ടാം വാർഷിക ദിനത്തിൽ ജില്ലാ ഭരണകൂടവും മേപ്പാടി പഞ്ചായത്തും ചേർന്ന് പുത്തുമലയിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ മുതൽ കല്ലറകളിൽ പുഷ്പാർച്ചനയും പ്രാർത്ഥനകളും നടക്കും. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവർ, അതിജീവിതർ, സർക്കാർ ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

Related Posts