കാഞ്ഞങ്ങാട് ശബരിമലയിലേക്ക്​ പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികൻ്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട്​ തിരുകിവെച്ചയാൾ അറസ്റ്റിലായി. കളനാട് ബാലഗോപാല ക്ഷേത്രത്തിനു സമീപം വാടക വീട്ടിലെ കിഷോർ കുമാർ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആറിന് പാലക്കുന്നിലെ മൊബൈൽ കടയിൽ ഫോണിൻ്റെ ഡിസ്‌പ്ലേ മാറ്റാൻ ഉദുമ എരോലിലെ വിനോദ് 500 ൻ്റെ നാല് നോട്ടുകൾ നൽകിയിരുന്നു. ഇത് കള്ളനോട്ടാണെന്ന് കണ്ടെത്തിയതോടെ കടയുടമയുടെ പരാതിയിൽ എരോൽ വിനോദിനെ പ്രതിയാക്കി. പ്രാഥമിക അന്വേഷണത്തിൽ വിനോദിന് കള്ളനോട്ടു സംഘവുമായി ബന്ധമില്ലെന്ന് വ്യക്‌തമായതോടെ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

മല്ലം സ്വദേശിയായ വിനോദിൻ്റെ സഹോദരീ ഭർത്താവായ കിഷോർ കുമാർ ആണ് എരോലിലെ വിനോദിനൊപ്പം ശബരിമലയിലേക്ക് പോയത്. 4 മാസം മുൻപ് മംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് ചെർക്കളയിൽനിന്ന് 500ൻ്റെ നാനൂറിലേറെ കള്ളനോട്ടുകളും കള്ളനോട്ട് അച്ചടിയന്ത്രവും പിടികൂടിയ കേസിൽ അറസ്റ്റിലായ കിഷോർ കുമാർ ആണ് എന്ന വിവരമായിരുന്നു ലഭിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് വിനോദിൻ്റെ ഇരുമുടിക്കെട്ടിൽ താൻ കള്ളനോട്ട് തിരുകിയതായി പറഞ്ഞത്. വിനോദിൻ്റെ ഭാണ്ഡക്കെട്ടിലുണ്ടായിരുന്ന 10,000 രൂപയുടെ കെട്ടിൽ ഏഴ് 500 ൻ്റെ കള്ളനോട്ടുകൾ തിരുകിക്കയറ്റി ഒറിജിനൽ എടുക്കുകയായിരുന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ്​ ചെയ്തു.

Related Posts