ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംഭാഷണം നടത്തി. യുഎസ് പ്രസിഡന്‍റായി ട്രംപ് സ്ഥാനമേറ്റതിന് ശേഷം ഇതാദ്യമായാണ് മോദി അദ്ദേഹവുമായി ടെലിഫോണില്‍ സംസാരിച്ചത്. ഇരുകൂട്ടര്‍ക്കും നേട്ടങ്ങളുണ്ടാകുന്ന, വിശ്വസിക്കാവുന്ന പങ്കാളിത്തമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി ട്രംപിനോട് പറഞ്ഞു. രണ്ടാം തവണയും യുഎസില്‍ പ്രസിഡന്‍റായി അവരോധിക്കപ്പെട്ട ട്രംപിനെ മോദി അഭിനന്ദിക്കുകയും ചെയ്തു.

ലോകസമാധാനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചതായി മോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. യുഎസില്‍ നിയമപരമായി കഴിയുന്ന വലിയൊരു ജനവിഭാഗമാണ് ഇന്ത്യക്കാര്‍. ഇക്കൂട്ടത്തില്‍ അനധികൃതമായി യുഎസില്‍ എത്തിയവരും ഉണ്ട്. ഇവരെ യുഎസ് തിരിച്ചയച്ചാല്‍ ഇന്ത്യ സ്വീകരിക്കുമെന്ന് ട്രംപ് പ്രസിഡന്‍റായി ചുമതലയേറ്റതിന്റെ പിറ്റേന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി യുഎസ് വിദേശകാര്യമന്ത്രി മാര്‍കോ റൂബിയോയുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഉറപ്പുനൽകിയിരുന്നു.

Related Posts