52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. നിരോധനം അവസാനിക്കുന്നതോടെ മത്സ്യബന്ധന ഹാർബറുകൾ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ശനിയാഴ്ച പുലർച്ചെ മുതൽ ബോട്ടുകൾ കടലിലേക്ക് ഇറങ്ങും.

ട്രോളിങ് നിരോധന കാലയളവിൽ നാട്ടിലേക്ക് മടങ്ങിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും തിരിച്ചെത്തി. മത്സ്യബന്ധനത്തിന് മുന്നോടിയായി ബോട്ടുകളുടെ അറ്റകുറ്റപ്പണികളും പെയിന്റിങ്ങും പൂർത്തിയാക്കി. പുതിയ വലകൾ ഒരുക്കുന്നതിനൊപ്പം ഐസ്, കുടിവെള്ളം, മറ്റ് ആവശ്യസാധനങ്ങൾ എന്നിവ ശേഖരിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ.

നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്തി, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും ഇത്തവണ ലഭ്യതയിൽ കുറവുണ്ടായതായി തൊഴിലാളികൾ പറയുന്നു. ഇതുമൂലം വിപണിയിൽ മത്സ്യവില ഉയർന്നിരുന്നു.

ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ കൂടുതൽ മത്സ്യം ലഭ്യമാകുമെന്നും വില കുറയുമെന്നുമാണ് ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും പ്രതീക്ഷ. ബോട്ടുടമകളും തൊഴിലാളികളും പുതിയ മത്സ്യബന്ധന സീസണിൽ മികച്ച നേട്ടം പ്രതീക്ഷിച്ചാണ് കടലിലേക്ക് ഇറങ്ങുന്നത്.

Related Posts