ബെംഗളൂരുവിൽ നിന്ന് വയനാട്ടിലേക്കുള്ള വാരാന്ത്യ യാത്രയ്ക്കിടെ കൊടക് ജില്ലയിലെ ദേവരാപുരയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പ്ലസ്‌വൺ വിദ്യാർഥികൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി 11.30ഓടെ ബെംഗളൂരുവിലെ ലക്ഷ്മിപുരയിൽ നിന്ന് അഞ്ച് സുഹൃത്തുക്കൾ സ്വിഫ്റ്റ് കാറിൽ യാത്രതിരിക്കുകയായിരുന്നു. മൈസൂരു പിന്നിട്ട് മൈസൂരു–വിരാജ്പേട്ട് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇന്ധന ടാങ്കർ കാറിലിടിച്ച് അപകടമുണ്ടായത്.

അപകടത്തിൻ്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് പുറത്തെടുത്തത്. മുൻസീറ്റിലിരുന്ന ധനുഷ് (18) സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിൻസീറ്റിലിരുന്ന ചേതൻ (18) ഗുരുതരമായി പരിക്കേറ്റ് മൈസൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണത്തിന് കീഴടങ്ങി.

പരിക്കേറ്റ ചിൻമയ് (18) മൈസൂരിലെ ജെ.എസ്.എസ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അഞ്ചാമത്തെ യാത്രക്കാരന്റെ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങളെ പോലീസ് വിവരം അറിയിച്ചതായും ബന്ധുക്കൾ മൈസൂരും കൊടകിലേക്കും തിരിച്ചതായും അധികൃതർ അറിയിച്ചു. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts