ജയിൽ സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിയ്യൂർ സെൻട്രൽ ജയിലിൽ ഡ്രോൺ നിരീക്ഷണ സംവിധാനത്തിൻ്റെ ട്രയൽ റൺ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ എസ്. ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എസ്. സജീവ് എന്നിവരും മുതിർന്ന ജയിൽ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
പരിപാടിയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രവർത്തനരീതി, സുരക്ഷാ സാധ്യതകൾ, അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗം എന്നിവയുടെ വിശദമായ അവതരണവും തത്സമയ പ്രദർശനവും നടന്നു.
139 ഏക്കർ വിസ്തൃതിയുള്ള വിയ്യൂർ ജയിൽ കോംപ്ലക്സിൽ സെൻട്രൽ പ്രിസൺ, ഹൈ സെക്യൂരിറ്റി പ്രിസൺ, വനിതാ ജയിൽ, ജില്ലാ ജയിൽ, സബ് ജയിൽ എന്നിവ പ്രവർത്തിക്കുന്നു. നിലവിൽ 1,700 മുതൽ 2,000 വരെ തടവുകാരാണ് ഇവിടെ കഴിയുന്നത്.
ചുറ്റുമതിലുകളുടെ അഭാവം, മരങ്ങൾ നിറഞ്ഞ ഭൂപ്രകൃതി, ജീവനക്കാരുടെ പരിമിതമായ എണ്ണം എന്നിവ സുരക്ഷാ നിരീക്ഷണത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് ഡ്രോൺ നിരീക്ഷണ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. മനുഷ്യവിഭവശേഷിക്കൊപ്പം ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ജയിൽ സുരക്ഷയും അച്ചടക്കവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനൊപ്പം എഐ അധിഷ്ഠിത സിസിടിവി വിശകലന സംവിധാനവും പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. സംശയാസ്പദമായ ചലനങ്ങൾ അതിവേഗം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകാൻ കഴിയുന്ന സംവിധാനമാണിത്. ട്രയൽ റൺ വിജയകരമായാൽ സംസ്ഥാനത്തെ മറ്റ് ജയിലുകളിലും ഘട്ടംഘട്ടമായി ഡ്രോൺ നിരീക്ഷണവും എഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും വ്യാപിപ്പിക്കാനാണ് ജയിൽ വകുപ്പിൻ്റെ തീരുമാനം.