ബെംഗളൂരുവിലെ ഹെബ്ബാളിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ യാത്രക്കാരും ബസ് ഡ്രൈവറും ചേർന്ന് മർദിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ബസ് യാത്രയ്ക്കിടെ യുവാവ് മോശമായി സ്പർശിച്ചെന്ന് യുവതി ഡ്രൈവറോട് പരാതിപ്പെട്ടതോടെയാണ് സംഭവം. തുടർന്ന് യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് റോഡരികിൽ നിർത്തി. യുവാവ് രക്ഷപ്പെടാതിരിക്കാൻ ബസിൻ്റെ വാതിലുകൾ അടച്ചിടുകയും ചെയ്തു.
പരാതിക്കാരിയായ യുവതി യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ മുഖത്തടിക്കുകയും മർദിക്കുകയും ചെയ്തു. പിന്നാലെ ഡ്രൈവർ സീറ്റിൽ കയറി നിന്നുകൊണ്ട് യുവാവിനെ ചവിട്ടുകയും മർദിക്കുകയും ചെയ്തു. മർദനത്തിനിടെ യുവാവിൻ്റെ ഷർട്ട് അഴിഞ്ഞുപോയ നിലയിലായിരുന്നു.
സംഭവശേഷം യുവാവ് മാന്യത ടെക് പാർക്ക് ബസ് സ്റ്റോപ്പിലും യുവതി ബാബുസാപാളയ ബസ് സ്റ്റോപ്പിലും ഇറങ്ങി. സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി ആരും പോലീസിൽ പരാതി നൽകിയിട്ടില്ല. അതിനാൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.