കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യൻ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കാളിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദമൻപ്രീത് കൗറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 22-കാരനായ റിതീഷ് കുമാറിനെ എഡ്മണ്ടൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജൂലൈ 10-ന് വൈകിട്ട് എഡ്മണ്ടണിലെ സിൽവർബെറി പ്രദേശത്തെ വസതിയിൽ ഗുരുതരമായി പരിക്കേറ്റും അബോധാവസ്ഥയിലുമായാണ് ദമൻപ്രീതിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജൂലൈ 12-ന് ചികിത്സയിലിരിക്കെ മരിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് യുവതി ശ്വാസംമുട്ടിച്ചാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി മരണകാരണം ആദ്യം പൊലീസ് പുറത്തുവിട്ടിരുന്നില്ല. പിന്നീട് ജൂലൈ 23-നാണ് സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. ജൂലൈ 22-ന് റിതീഷ് കുമാറിനെ അറസ്റ്റ് ചെയ്ത പൊലീസ്, കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് അറിയിച്ചു.

അതേസമയം, ദമൻപ്രീത് കൗറിൻ്റെ മൃതദേഹം ഇന്ത്യയിലെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി വിവിധ ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ ധനശേഖരണവും ആരംഭിച്ചിട്ടുണ്ട്.

Related Posts