അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിന് മുൻപും ശേഷവുമുള്ള ഫൊർദൊ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രസിഡൻ്റ് ട്രംപിൻ്റെ യുഎസ് ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾ തകർക്കപ്പെട്ടെന്ന അവകാശവാദങ്ങൾ ശരിവയ്ക്കും വിധത്തിലുള്ളതാണ് ദൃശ്യങ്ങൾ.

ചൊവ്വാഴ്‌ച ഫൊർദൊ ആണവകേന്ദ്രത്തിന്റേതായി പുറത്തുവന്ന ദൃശ്യങ്ങളിൽ, വലിയ ഗർത്തങ്ങളും തകർന്ന പ്രവേശന കവാടങ്ങളും കാണാം. ഇത് അമേരിക്കയുടെ ആക്രമണത്തിൽ തകർന്നതാണെന്നാണ് സൂചന. ഫൊർദോ ആണവനിലയത്തിലെ കൂറ്റൻ തൂണുകൾക്ക് കേടുപാടു പറ്റിയതായി ചിത്രത്തിൽ കാണാം. പുറത്തു നിന്ന് ഭൂഗർഭ അറയിലെ സമ്പുഷ്ടീകരണ ഹാളുകളിലേക്കുള്ള വായുസഞ്ചാരം നിയന്ത്രിക്കാൻ ഉപയോഗിക്കുന്നവയായിരിക്കാം ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആണവനിലയങ്ങളിൽ ആക്രമണം നടത്തിയെങ്കിലും ഇവിടെ നിന്ന് വികിരണങ്ങളൊന്നും തന്നെ പുറത്തേക്ക് വന്നിട്ടില്ലെന്ന് ഐഎഇഎ (International Atomic Energy Agency) അറിയിച്ചു.

Related Posts