സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. അതിനാൽ മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം, മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Related Posts