ഫിലിം ചേംബർ മാർച്ച് മാസം പ്രഖ്യാപിച്ചിരുന്ന സൂചനാ സിനിമാസമരത്തിൽ നിന്നു പിന്മാറി. സംസ്ഥാന സർക്കാരുമായി സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ തീർക്കാൻ ചർച്ചയ്ക്കു തയാറാണെന്നും ഫിലിം ചേംബർ അറിയിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ്റെ അഭ്യർഥന മാനിച്ചാണ് ചർച്ചയിലേക്ക് കടക്കുന്നത്.

ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജൂൺ 1 മുതലുള്ള അനിശ്ചിതകാല സമരത്തിൽ ഉറച്ചു നിൽക്കും. പത്താം തീയതിക്കുശേഷമാകും ചർച്ചയെന്നു ചേംബർ പ്രസിഡൻ്റ് ബി.ആർ. ജേക്കബ് അറിയിച്ചു. സമരം മോഹൻലാൽ നായകനാവുന്ന ‘എമ്പുരാൻ’ സിനിമയുടെ റിലീസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും ചേംബർ അറിയിച്ചു.

‘എമ്പുരാൻ’ ഈ മാസം 27 നാണ് റിലീസ് ചെയ്യുന്നത്. തീയറ്റർ വ്യവസായം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാനെന്നും ചേംബർ ഭാരവാഹികൾ പറഞ്ഞു. സമൂഹത്തെ വയലൻസ് സ്വാധീനിക്കുമെന്ന് പത്രസമ്മേളനത്തിൽ ഫിലിം ചേംബർ ഭാരവാഹികൾ പറഞ്ഞു. വയലൻസ് ഉള്ള സിനിമകൾ പ്രദർശിപ്പിക്കണോ വേണ്ടയോ എന്ന് സെൻസർ ബോർഡാണ് തീരുമാനിക്കേണ്ടത്.

സെൻസർ ബോർഡിൻ്റെ തീരുമാനത്തിൽ ഇടപെടാനില്ലെന്നും ചേംബർ പറഞ്ഞു.
സിനിമാ മേഖല സ്‌തംഭിപ്പിച്ചുള്ള സമരം ജൂൺ ഒന്നു മുതൽ നടത്തുമെന്ന നിർമാതാവ് സുരേഷ് കുമാറിൻ്റെ വാർത്താ സമ്മേളനത്തോടെയാണു സിനിമാ മേഖലയിലെ അഭിപ്രായവ്യത്യാസങ്ങൾ പുകഞ്ഞു തുടങ്ങിയത്.

താരങ്ങളുടെ ഉയർന്ന പ്രതിഫലം ഉൾപ്പെടെ നിർമ്മാതാക്കളെ പിന്നോട്ടടിക്കുകയാണെന്നും മലയാള സിനിമയുടെ കൊട്ടിഘോഷിക്കപ്പെട്ട നൂറുകോടി ക്ലബുകളും മറ്റും വാസ്ത‌വ വിരുദ്ധമാണെന്നും സുരേഷ് കുമാർ ആരോപിച്ചിരുന്നു. ‘എമ്പുരാൻ’ സിനിമയുടെ ബജറ്റാണ് വാർത്താസമ്മേളനത്തിൽ മലയാള സിനിമകളുടെ വർധിച്ചുവരുന്ന ബജറ്റ് ഉദാഹരിക്കാനായി സുരേഷ് കുമാർ ഉയർത്തിക്കാട്ടിയത്.

എന്നാൽ താൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ബജറ്റ് സുരേഷ് കുമാറിന് എങ്ങനെ അറിയാമെന്നു ചോദിച്ചുകൊണ്ട് പരസ്യ വിമർശനവുമായി ആൻണി പെരുമ്പാവൂർ രംഗത്തെത്തിയിരുന്നു. ആൻ്റണിയെ പിന്തുണച്ച് മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും രംഗത്തെത്തി. ഫിലിം ചേംബർ ആണ് രൂക്ഷമാവുന്ന തർക്കം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയത്. ഇതിനു പിന്നാലെ സുരേഷ് കുമാറിനെതിരായ പോസ്‌റ്റ് ആൻ്റണി പെരുമ്പാവൂർ പിൻവലിക്കുകയും ചെയ്തിരുന്നു.

Related Posts