പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കുത്തനെ കുറയുമെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ പി സരിൻ അതൃപ്തി പ്രകടപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ടാകും. ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ കോൺഗ്രസ് അനുഭാവികൾ ആ തീരുമാനത്തോട് ഉറച്ചുനിൽക്കും. ഹൈക്കമാൻഡ് തീരുമാനിച്ചാൽ ഒറ്റക്കെട്ടായി വോട്ടുപിടിക്കാൻ ഇറങ്ങും. ആരെങ്കിലും തുടക്കത്തിൽ പരിഭവം പറഞ്ഞാലും അതുമാറിക്കോളും. വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാക്കും. ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കും’- അദ്ദേഹം പറഞ്ഞു.