കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യാ കേസിൽ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ കോടതി റിമാൻഡ് ചെയ്തു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ കർണാടകയിലെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് ഇന്ന് ഡോ. റാമിനെ പിടികൂടിയത്.
സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിൽ പോയ റാം, ആന്ധ്രാപ്രദേശിലെ ഗുണ്ടൂരും ചിറ്റൂരും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. താടി വളർത്തി രൂപം മാറ്റിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ ചിറ്റൂരിൽ എത്തിയ അന്വേഷണസംഘത്തെ വെട്ടിച്ചാണ് പ്രതി രക്ഷപ്പെട്ടത്.
ഏപ്രിൽ 10-നാണ് കണ്ണൂർ ദന്തൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവിയായിരുന്ന ഡോ. എം.കെ. റാമിന്റെ മാനസിക പീഡനം സഹിക്കാനാകുന്നില്ലെന്ന് നിതിൻ മുൻപ് തന്നെ കുടുംബത്തെ അറിയിച്ചിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു.
കേസിൽ ഡോ. എം.കെ. റാമിനും അധ്യാപിക ഡോ. സംഗീത നമ്പ്യാർക്കും എതിരെയാണ് അന്വേഷണം നടക്കുന്നത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായിരുന്ന റാം വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി സഹപാഠികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഡോ. എം.കെ. റാമിനെയും ഡോ. സംഗീത നമ്പ്യാരെയും കോളേജ് മാനേജ്മെന്റ് സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.