ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തേകുന്ന തീരുമാനമായി, ജാപ്പനീസ് ഔഷധ നിർമ്മാണ കമ്പനിയായ ടക്കേഡ ബയോഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ച ക്യൂഡെങ്ക (QDENGA) വാക്സിന് ഇന്ത്യയിൽ വിതരണം ചെയ്യാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അനുമതി നൽകി.

28,000-ത്തിലധികം സന്നദ്ധപ്രവർത്തകർ പങ്കെടുത്ത 19 അന്താരാഷ്ട്ര ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിജയകരമായ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്സിന് ഇന്ത്യയിലും അംഗീകാരം ലഭിച്ചത്. നിലവിൽ ലോകത്തെ 43 രാജ്യങ്ങളിൽ ക്യൂഡെങ്കയ്ക്ക് അനുമതിയുണ്ട്. ആഗോളതലത്തിൽ 3.2 കോടിയിലധികം ഡോസുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ വാക്സിൻ സ്വീകരിക്കാം. മുമ്പ് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെ വാക്സിൻ നൽകാനാകുമെന്നതാണ് ഇതിൻ്റെ പ്രധാന പ്രത്യേകത. കൂടാതെ, വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് പ്രത്യേക രക്തപരിശോധനയോ സ്ക്രീനിംഗോ ആവശ്യമില്ല. മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് വാക്സിൻ നൽകുക.

ഇന്ത്യയിൽ പ്രചരിക്കുന്ന നാല് പ്രധാന ഡെങ്കി വൈറസ് വകഭേദങ്ങൾക്കെതിരെയും സംരക്ഷണം നൽകുന്ന തരത്തിലാണ് ക്യൂഡെങ്ക രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്ത് നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനം, കൊതുകുകളുടെ വർധിച്ച പ്രജനനം എന്നിവ കാരണം ഡെങ്കിപ്പനി വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഈ വാക്സിൻ വലിയ സഹായമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

കൊതുക് നിയന്ത്രണം, രോഗനിരീക്ഷണം, പൊതുജന ബോധവൽക്കരണം തുടങ്ങിയ നിലവിലെ പ്രതിരോധ നടപടികൾക്ക് പൂരകമായാണ് ക്യൂഡെങ്ക വാക്സിൻ പ്രവർത്തിക്കുകയെന്ന് ടക്കേഡയുടെ അധികൃതർ അറിയിച്ചു. ഇന്ത്യയിൽ ഡെങ്കിപ്പനി നിയന്ത്രണ രംഗത്ത് ഇത് നിർണായക മുന്നേറ്റമാകുമെന്നും കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Posts