തന്നെ കുറ്റക്കാരനാക്കാൻ രാഷ്ട്രീയപരമായ തിരക്കഥ മാത്രം മതിയാകില്ലെന്നും നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ വേണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടതികൾ പോലും തള്ളിയ കേസാണ് ഇപ്പോൾ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇത് വ്യക്തിപരമായ ആക്രമണമായി കാണുന്നില്ലെന്നും സിപിഎമ്മിനെ തകർക്കാനുള്ള സംഘടിത നീക്കമായാണ് കാണുന്നതെന്നും പിണറായി വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ തങ്ങൾ ഞെട്ടിപ്പോകുമെന്ന് വലതുപക്ഷ ശക്തികൾ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നാണ് പിണറായിയുടെ ആരോപണം. ഇഡിയിൽ നിന്ന് തനിക്ക് ഇതുവരെ യാതൊരു കത്തും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎലിന് വഴിവിട്ട യാതൊരു ആനുകൂല്യവും നൽകിയിട്ടില്ല. അത്തരത്തിൽ ആനുകൂല്യം നൽകിയെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കിയിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ ഉന്നയിച്ച ആരോപണത്തിലും ഇപ്പോഴത്തെ ആരോപണത്തിലും വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിഎംആർഎലിന് യാതൊരു സേവനവും ലഭിക്കാതെ എക്സാലോജിക്കിന് പണം നൽകിയെന്നായിരുന്നു നേരത്തെയുള്ള ആരോപണം. എന്നാൽ ഇപ്പോൾ സിഎംആർഎലിന് വഴിവിട്ട സഹായങ്ങൾ നൽകിയതിന് മുഖ്യമന്ത്രിക്ക് കൈക്കൂലി നൽകിയെന്നാണ് പുതിയ ആരോപണം. ഒരേ ഇടപാടിനെക്കുറിച്ച് ഒരേ അന്വേഷണ ഏജൻസി രണ്ട് വ്യത്യസ്ത വാദങ്ങൾ ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്ത് നൽകിയതായും 25 പേജുള്ള റിപ്പോർട്ട് കൈമാറിയതായും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് പിണറായി പറഞ്ഞു. സാധാരണഗതിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്തയച്ചാൽ അത് ഉടൻ പുറത്തുവരാറില്ലെന്നും എന്നാൽ ഇപ്പോൾ ഇഡി തന്നെ ഇത്തരം വിവരങ്ങൾ പുറത്തുവിടുന്ന സാഹചര്യമാണെന്നും അദ്ദേഹം വിമർശിച്ചു.

റിപ്പോർട്ടിൽ തന്നെക്കുറിച്ച് പരാമർശമൊന്നുമില്ലെന്നും തനിക്ക് ഇഡിയുടെ കത്തൊന്നും ലഭിച്ചിട്ടില്ലെന്നും പിണറായി ആവർത്തിച്ചു.

സിപിഎമ്മിനെ തകർക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും പിണറായി പറഞ്ഞു. പാർട്ടി നേതൃത്വത്തിലേക്ക് വരുന്നതിന് മുമ്പും തനിക്കെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 2016ൽ എൽഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ മനുഷ്യത്വരഹിതമായ സംഘടിത ആക്രമണങ്ങൾ ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫും ബിജെപിയും എൽഡിഎഫ് സർക്കാരിനെതിരെ ഒരുമിച്ച് ആക്രമണം ശക്തമാക്കിയെന്നും പിണറായി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷത്തുള്ള യുഡിഎഫും എൽഡിഎഫിനെതിരായ ആക്രമണത്തിൽ കടുത്ത മത്സരത്തിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Related Posts