സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊല്ലത്ത് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത്‌ (സീതാറാം യെച്ചൂരി നഗർ) ബുധനാഴ്ച വൈകുന്നേരം ചെമ്പതാക ഉയർന്നു. സ്വാഗതസംഘം ചെയർമാൻ കെഎൻ ബാലഗോപാൽ ആണ് പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (സി കേശവൻ സ്‌മാരക ടൗൺഹാൾ) ഇന്ന് രാവിലെ ഒൻപതിന് പതാക ഉയരും. മുതിർന്ന പ്രതിനിധി എകെ ബാലൻ ആണ് പതാക ഉയർത്തുക. പോളിറ്റ്‌ ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോർഡിനേറ്ററുമായ പ്രകാശ്‌ കാരാട്ട്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

സമ്മേളനത്തിൽ 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും ഉൾപ്പെടെ 530 പേർ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ ഏഴ്, എട്ട് തീയതികളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വികസനരേഖ ‘നവകേരളത്തിനുള്ള പുതുവഴികൾ’ അവതരിപ്പിക്കും.

പ്രതിനിധി സമ്മേളനം ഞായറാഴ്ച ഉച്ചയ്‌ക്ക്‌ സമാപിക്കും. സമ്മേളനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ഒൻപതിന് വൈകിട്ട്‌ ബഹുജനറാലിയും ചുവപ്പുസേനാ മാർച്ചും നടക്കും. ബഹുജനറാലിയിൽ രണ്ടുലക്ഷം പേരും വളണ്ടിയർ മാർച്ചിൽ കാൽലക്ഷം പേരും പങ്കെടുക്കും.

Related Posts