കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയിലേക്ക് മാത്രം നിലവിലെ പോലീസ് അന്വേഷണം ഒതുങ്ങിയെന്നും, ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണമോ അല്ലെങ്കിൽ സിബിഐ അന്വേഷണമോ വേണമെന്നാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളും അതിന് പിന്നിലെ ബെനാമി ഇടപാടുകളും ശരിയായ രീതിയിൽ അന്വേഷിച്ചിട്ടില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ വാദിച്ചു. എന്നാൽ എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും നിലവിലെ അന്വേഷണം കൃത്യമായ ദിശയിലാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടാൽ കേസിൽ അത് വലിയ വഴിത്തിരിവാകും.